സര്‍വ്വവ്യാപിയായ ഈശ്വരനെ വേദാംഗമായ താന്ത്രികവിധിപ്രകാരം വിഗ്രഹാദി ഉപാദികളിലേക്ക്‌ ആവാഹിച്ച്‌ ജല ഗന്ധ പുഷ്‌പ ധൂപ ദീപ നിവേദ്യങ്ങള്‍ സമര്‍പ്പിച്ചാണ്‌ ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്‌. ആദ്യത്തെ അഞ്ചും പ്രപഞ്ചത്തിന്‍റെ പ്രതീകങ്ങള്‍. പഞ്ചഭൂതങ്ങളാണ്‌ ശരീരത്തിനും കാരണം. ശരീരം ഉള്‍പ്പെടെ സര്‍വ്വ സമര്‍പ്പണമാണ്‌ പൂജയുടെ തത്ത്വം. നിവേദ്യം ആത്മസമര്‍പ്പണമാണ്‌. മാം മദീയം ച സകലം സമര്‍പ്പയാമി എന്നെയും എന്‍െറതും സര്‍വ്വവും സമര്‍പ്പിക്കലാണ്‌ പൂജകൊണ്ട്‌ നിര്‍വ്വഹിക്കുന്നത്‌. ബാഹ്യാഭ്യന്തരശുദ്ധിയോടെ, ആത്മവിശ്വാസത്തോടെ ഈ യജ്ഞകര്‍മ്മങ്ങളില്‍ പങ്കാളികളാകുന്ന ആരാധകര്‍ക്ക്‌ ഉണ്ടാകുന്ന നിര്‍വ്യതി അവാച്യമാണ്‌.

മുക്കൂറ്റി പുഷ്പാഞ്ജലി
ഉദ്ദിഷ്ട കാര്യങ്ങള്‍ ക്ഷിപ്രസാദ്ധ്യമാക്കുന്നതിനുള്ള വഴിപാടാണ്‌ മുക്കൂറ്റി പുഷ്പാഞ്ജലി. 108 മുക്കൂറ്റി വാടാതെ വേരോടും പൂവോടും കൂടിയെടുത്ത്‌ ത്രിമധുരത്തില്‍ മുക്കി അവരവരുടെ പേരിലും നാളിലും മഹാഗണപതിമന്ത്രം (108 സംഖ്യ) ഉരുവിട്ട്‌ നടത്തുന്ന പുഷ്പാഞ്ജലി വിനായകമൂര്‍ത്തിക്ക്‌ ഏറ്റവും പ്രിയംകരമാണ്‌. ദിവസം അഞ്ചു പുഷ്പാഞ്ജലി മാത്രം നടത്തുന്ന ഈ വഴിപാടു കഴിക്കാനാഗ്രഹിക്കുന്നവര്‍ തീയതി മുന്‍കൂട്ടി ബുക്ക്‌ ചെയ്യേണ്ടതാണ്‌

ആയിരംകുടം ജലാഭിഷേകം

പ്രത്യേക താന്ത്രിക പൂജകളോടുകൂടി ഗണപതിഭഗവാന്‌ ആയിരംകുടം ജലം അഭിഷേകം ചെയ്യുന്ന ഈ വഴിപാട്‌ നടത്തി പ്രാര്‍ത്ഥിച്ചാല്‍ എല്ലാ പ്രതിബന്ധങ്ങള്‍ക്കും പരിഹാരവും ദുരിതമോചനവും അഭീഷ്‌ടസിദ്ധിയും കൈവരുന്നു. ദിവസം രണ്ടായിരം കുടം അഭിഷേകം മാത്രമേ നടത്തുവാനാകൂ. വഴിപാടിന്‌ മുന്‍കൂട്ടി ബുക്ക്‌ ചെയ്യണം.

തടിനിവേദ്യം

ക്ഷിപ്രപ്രസാദിയായ മള്ളിയൂര്‍ ഗണപതിക്ക്‌ സമര്‍പ്പിക്കാവുന്ന അതിവിശിഷ്‌ടമായ വഴിപാടാണ്‌ തടിനിവേദ്യം. രോഗശാന്തിയും ചികിത്സകള്‍ക്കും അത്ഭുതഫലവും ലഭിക്കുന്നതായി ഭക്തസഹസ്രങ്ങള്‍ക്ക്‌ അനുഭവമുള്ളതാണ്‌. പന്ത്രണ്ടേകാല്‍ ഇടങ്ങഴിയാണ്‌ പൂര്‍ണ്ണനിവേദ്യം, ആറേകാല്‍, മൂന്നേകാല്‍ ഇങ്ങനെ കുറഞ്ഞ ആളവിലും നിവേദ്യം യഥാശക്തി സമര്‍പ്പിക്കാവുന്നതാണ്‌.

പഴമാല

28 കദളിപ്പഴങ്ങള്‍ കൊണ്ട്‌ നക്ഷത്രമാല കോര്‍ത്ത്‌ മഹാഗണപതിക്ക്‌ ചാര്‍ത്തുന്ന പഴമാലസമര്‍പ്പണം വിവാഹപ്രതിബന്ധങ്ങള്‍ മാറി മംഗല്യ പ്രാപ്‌തിക്കുള്ള വിശിഷ്‌ട വഴിപാടാണ്‌. ചൊവ്വ/വെള്ളി ദിവസങ്ങളില്‍ 12 ആഴ്‌ചകളായി സമര്‍പ്പിക്കണം.

പാല്‍പായസം
സന്താനലബ്‌ധിക്കും സല്‍പുത്രലാഭത്തിനും വേണ്ടിയുള്ള വഴിപാടാണ്‌ പാല്‍പായസം. 12 വ്യാഴാഴ്‌ചകളില്‍ യഥാശക്തി പാല്‍ പായസം സമര്‍പ്പിച്ച്‌ നിവേദ്യശിഷ്‌ടം സേവിക്കുകയും കുട്ടികളെ ഊട്ടുകയും ചെയ്‌താല്‍ ഫലസിദ്ധി നിശ്ചയമാണ്‌.

ചതുര്‍ത്ഥിയൂട്ട്‌

വെളുത്തു പക്ഷത്തിലെ ചതുര്‍ത്ഥിക്ക്‌ പന്ത്രണ്ടേകാല്‍ ഇടങ്ങഴി ഉണക്കലരി നിവേദ്യം വച്ച്‌ ഭഗവാന്‌ സമര്‍പ്പിച്ച്‌ നാലുകൂട്ടം കറികളോടുകൂടി സജ്ജനങ്ങള്‍ക്ക്‌ വിധിയാംവണ്ണം വിളമ്പി ഊട്ടുന്ന ചടങ്ങാണ്‌ മള്ളിയൂര്‍ ചതുര്‍ത്ഥിയൂട്ട്‌. പിതൃസത്‌ഗതിക്കും പിതൃദോഷപരിഹാരത്തിനും ഉത്തമമായ ഈ വഴിപാട്‌ ദുരിതഹരവും സര്‍വ്വാഭീഷ്‌ടപ്രദവുമാണ്‌.

ഒരു ദിവസത്തെ പൂജ
മള്ളിയൂര്‍ മഹാഗണപതിക്കും സാളഗ്രാമത്തിനും, ദുര്‍ഗ്ഗ, അന്തിമഹാകാളന്‍, യക്ഷി, ശാസ്‌താവ്‌, സര്‍പ്പം തുടങ്ങിയ ഉപദേവതകള്‍ക്കും പ്രത്യേക പൂജകളും നിവേദ്യങ്ങളും അര്‍പ്പിക്കുന്ന ഒരു ദിവസത്തെ പൂജ സര്‍വ്വാഭീഷ്‌ടപ്രദവും സര്‍വ്വവിഘ്‌നഹരവുമാണ്‌.

ഉദയാസ്‌തമനപൂജ
ഏറ്റരി അളന്ന്‌, 18 പൂജകളും ശിവേലിയും, വിളക്കെഴുന്നള്ളത്തും, നവകാഭിഷേകവും വിശേഷാല്‍ നിവേദ്യങ്ങളും ഉള്‍പ്പെടെ നടത്തുന്ന സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്‌ മള്ളിയൂര്‍ ഉദയാസ്‌തമനപൂജ. ദേവനെ ഇഷ്‌ടമന്ത്രങ്ങളെക്കൊണ്ട്‌ പ്രീതിപ്പെടുത്തി, ഇഷ്‌ടനിവേദ്യങ്ങള്‍ സമര്‍പ്പിച്ച്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമര്‍പ്പമം ചെയ്യുന്ന ഈ വഴിപാട്‌ അതിവിശിഷ്‌ടവും സര്‍വ്വൈശ്വര്യപ്രദവുമാണ്‌.

അഷ്‌ടദ്രവ്യ ഗണപതിഹോമം

ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി ദിവസ (അത്തചതുര്‍ത്ഥി)മാണ്‌ വിനായക ചതുര്‍ത്ഥി ആചരണം, ഈ ദിവസമാണ്‌ ഇവിടെ 1008 നാളികേരം കൊണ്ടുള്ള അഷ്‌ടദ്രവ്യ മഹാഗണപതിഹോമം നടത്തുന്നത്‌. നാളികേരം, ശര്‍ക്കര, അവില്‌, മലര്‌, വറപൊടി, എള്ള്‌, കദളിപ്പഴം, കരിമ്പ്‌, ഗണപതിനാരങ്ങ, തേന്‍, അപ്പം, അട, നെയ്യ്‌ എന്നീ ദ്രവ്യങ്ങളും കൂടി പ്രത്യേക ആളവുകളില്‍ ചേര്‍ത്താണ്‌ ഹോമിക്കുന്നത്‌. കൂടാതെ 1008 ഉരുവീതം കറുക, മുക്കൂറ്റി, കൂവളച്ചമത, ചെത്തിപ്പൂവ്‌, നെല്ല്‌ ഇവയും ഹോമിക്കുന്നു. 1008 നാളികേരങ്ങളുടെ ചിരട്ടയും യഥാസമയം മന്ത്രപുടിതമായി തന്നെ ഹോമിക്കുന്നു. ശ്രേഷ്‌ഠമായ ഫലസിദ്ധിയുള്ള ഈ വഴിപാട്‌ നടത്തുന്നതിന്‌ മുന്‍കൂട്ടി പണം അടച്ച്‌ രസീത്‌ വാങ്ങേണ്ടതാണ്‌.

Get in Touch

~